തെരുവിൻ്റെ കവിക്ക്, അയ്യപ്പനൊരു സ്മരണക്കുറിപ്പ്......
@ Arjun S Thampi · Wednesday, May 13, 2020 · 2 minute read · Update at May 18, 2020

“നീയറിയുന്നുവോ? ചോലമരങ്ങളിൽ സായഹ്നമോരോന്നിരുണ്ടുതൂങ്ങുന്നതും നീണ്ടമൌനത്തിലെക്കെന്റെ രാപ്പക്ഷികൾ നീലച്ചിറകു കുഴഞ്ഞു വീഴുന്നതും”
-(ഒരു പ്രണയഗീതം) തെരുവിൻ്റെ കവി, അതെ തെരുവിൻ്റെ സ്വന്തം കവി എന്നു തന്നെയാണ് കവി അയ്യപ്പനു ചേർന്ന വിശേഷണം. മാളമില്ലാത്ത പാമ്പിനെപ്പോലെ തെരുവിനെ ഗൃഹമാക്കിയ കവി.ആധുനീക കവിതയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് പുതിയ തലത്തിലേക്കുള്ള പാത സൃഷ്ടിച്ച കവി. കവിത ജീവിതവും ജീവിതം കവിതയുമാക്കിയ മറ്റൊരു കവിയെ മലയാളത്തിന് കണ്ടെത്താൻ സാധിക്കില്ല അതു തന്നെയാണ് മലയാള കവികളിൽ അയ്യപ്പനെ വ്യത്യസ്തനാക്കുന്നത്. പ്രണയവും, മരണം, ജീവിതവും തൻ്റെ കവിതകളിലൂടെ ആവിഷ്ക്കരിച്ച കവി. പാതയോരങ്ങളിലെ ജീർണിച്ച കടലാസു കഷ്ണങ്ങളിൽ വിരിയിച്ച ജീവിതാനുഭവങ്ങളായിരുന്നു ഓരോ അയ്യപ്പൻ കവിതകളും. കവിതയ്ക്ക് ഒരു ഉപാധി മാത്രമാണ് തൻ്റെ ജീവിതമെന്ന് കവിതകളിലൂടെ പറയാതെവച്ചു അയ്യപ്പൻ.പച്ചയായ ജീവിതo കലർപ്പിലാതെ ജീവിച്ച് തീർത്ത ഒരു പാവം മനുഷ്യൻ മറ്റുള്ളവരുടെ ഹൃദയതലങ്ങളിൽ കോരിയിട്ട വിരഹവും, പ്രണയവും, വിപ്ലവവും ഇന്നും മായാതെ നിൽക്കുന്നു. വേദനയുടെയും ദുരന്തത്തിൻ്റെയും പ്രവാചകൻ ആകുമ്പേഴും സമകാലീക വ്യവസ്ഥിതികളോടുള്ള കലഹം അദ്ദേഹം പറഞ്ഞത് സ്വന്തം ജീവിതത്തിലൂടെ തന്നെയാണ്.‘കൽക്കരിയുടെ നിറമുള്ളവരോട് ' അദ്ദേഹത്തിന് കാണിച്ച് കൊടുക്കുവാനുള്ളത് സ്വന്തം ജീവിതം മാത്രമാണ്. ജീവിതം വേട്ടയാടപ്പെട്ടവൻ്റെ പൊള്ളുന്ന യാഥാർത്ഥ്യബോധമാണ് അദ്ദേഹത്തിന്റെ ഓരോ കവിതകളും. പ്രണയവും വിരഹവും ഒരേ സമയം ജീവിതത്തിലും കവിതയിലും പ്രതിഫലിപ്പിക്കുമ്പോൾ, ജീവിതത്തിൻ്റെ പ്രതിബിംബമാണോ കവിത അതോ കവിതയുടെ പ്രതിബിംബമാണോ ജീവിതം എന്ന് സംശയിക്കേണ്ടി വരും. “കരളുപങ്കിടാന്‍ വയ്യെന്റെ പ്രേമമേ പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികള്‍ “ഈ വരികളിലൂടെ അയ്യപ്പൻ എന്ന കവിയുടെ ബാഹ്യ ചിത്രം വ്യക്തമാകും അത്രമേൽ ബന്ധപ്പെട്ട് കിടക്കുന്നു അദ്ദേഹത്തിൻ്റെ ജീവിതവും കവിതയും.” വേനലേ നിനക്കൊരു രക്തസാക്ഷിയെ തരാം” എന്നതിലുടെ അദ്ദേഹം പറഞ്ഞു വയ്ക്കുന്നത് കവിതയാകുന്ന വേനലിന് താനാകുന്ന രക്തസാക്ഷിയെ തരാം എന്ന് തന്നെയാണ് .യാഥാർത്ഥ്യബോധത്തിൽ ജീവിക്കുന്ന ഓരോരുത്തർക്കും അവനവനിൽ തന്നെ കാണാൻ കഴിയും അയ്യപ്പനെ, അയ്യപ്പൻ കവിതകളെ. തൻ്റെ കവിതകൾക്ക് വൃത്തമില്ലെന്ന് പറയുമ്പോഴും ജീവിതത്തിൻ്റെ നേർകാഴ്ചയുടെ അനുഭവം മറ്റുള്ളവരുടെ മനസ്സിലെത്തിക്കാൻ ഒരു വൃത്തത്തിൻ്റെയും ആവശ്യം ഇല്ലെന്ന് അദ്ദേഹം തൻ്റെ കവിതകളിലൂടെ വ്യക്തമാക്കുന്നു. തെരുവിൻ്റെ വേറിട്ട ശബ്ദം “കല്ലറയ്ക്ക് കാത് കൊടുക്കുമ്പോൾ” തൻ്റെ മരണം പോലും കവിതയാക്കുകയായിരുന്നു അദ്ദേഹം.ആ പച്ചയായ മനുഷ്യൻ്റെ മരണവും തെരുവിലായിരുന്നു, താൻ മുന്നേ കണ്ട അതേ മരണത്തിൻ്റെ കാഴ്ച.ആരുമറിയാതെ ആ സായാഹ്നത്തിൽ മരണപെടുമ്പോഴും ആ കൈകളിലുണ്ടായിരുന്നു ഒരു കഷ്ണo കടലാസിൻ്റെ, ജീവിതത്തിൻ്റെ നേർകാഴ്ച “കവിത”. തെരുവുവീഥിയിൽ നിന്നും നടന്നു നീങ്ങി വർഷങ്ങൾക്കുശേഷവും അദ്ദേഹം എഴുതിയ ഒരു വരിമതി പുതിയ കാലത്തിൻ്റെ പുതുമയുടെ മുഖങ്ങളിലൊരുവനെ സ്വാധീനിക്കുവാൻ. മലയാളം ഉള്ള കാലത്തോളം, മലയാളിയുള്ള കാലത്തോളം മറക്കുമോ ഈ കവിരത്നത്തിനെ …….

Arjun S Thampi

Hi, my name is Arjun S Thampi.

I’m a poet.

Social Links