“നീയറിയുന്നുവോ? ചോലമരങ്ങളിൽ സായഹ്നമോരോന്നിരുണ്ടുതൂങ്ങുന്നതും നീണ്ടമൌനത്തിലെക്കെന്റെ രാപ്പക്ഷികൾ നീലച്ചിറകു കുഴഞ്ഞു വീഴുന്നതും” -(ഒരു പ്രണയഗീതം) തെരുവിൻ്റെ കവി, അതെ തെരുവിൻ്റെ സ്വന്തം കവി എന്നു തന്നെയാണ് കവി അയ്യപ്പനു ചേർന്ന വിശേഷണം. മാളമില്ലാത്ത പാമ്പിനെപ്പോലെ തെരുവിനെ ഗൃഹമാക്കിയ കവി.ആധുനീക കവിതയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് പുതിയ തലത്തിലേക്കുള്ള പാത സൃഷ്ടിച്ച കവി. കവിത ജീവിതവും ജീവിതം കവിതയുമാക്കിയ മറ്റൊരു കവിയെ മലയാളത്തിന് കണ്ടെത്താൻ സാധിക്കില്ല അതു തന്നെയാണ് മലയാള കവികളിൽ അയ്യപ്പനെ വ്യത്യസ്തനാക്കുന്നത്. പ്രണയവും, മരണം, ജീവിതവും തൻ്റെ കവിതകളിലൂടെ ആവിഷ്ക്കരിച്ച കവി. പാതയോരങ്ങളിലെ ജീർണിച്ച കടലാസു കഷ്ണങ്ങളിൽ വിരിയിച്ച ജീവിതാനുഭവങ്ങളായിരുന്നു ഓരോ അയ്യപ്പൻ കവിതകളും. കവിതയ്ക്ക് ഒരു ഉപാധി മാത്രമാണ് തൻ്റെ ജീവിതമെന്ന് കവിതകളിലൂടെ പറയാതെവച്ചു അയ്യപ്പൻ.